01:28am 10 November 2026
NEWS
മേക്കെദാട്ട്: കർണാടകയുടെ നീക്കത്തിൽ ആശങ്കയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്.
09/11/2026  11:17 AM IST
വിഷ്ണുമംഗലം കുമാർ
മേക്കെദാട്ട്: കർണാടകയുടെ നീക്കത്തിൽ ആശങ്കയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്


ബംഗളൂരു നഗരത്തിന്റെ കുടിവെള്ള ആവശ്യങ്ങൾക്കായി കാവേരി നദിക്കു കുറുകെ കർണാടക സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ തമിഴ്‌നാട് വീണ്ടും രംഗത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്,  ഭരണപരവും സാങ്കേതികവുമായ തുടർ നടപടികൾ തൽക്കാലം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കഴിഞ്ഞ നാലു മാസത്തിനിടെ മേക്കെദാട്ടു വിഷയത്തിൽ പ്രധാനമന്ത്രിക്ക് വിജയ് അയക്കുന്ന രണ്ടാമത്തെ കത്താണിത്.
തമിഴ്‌നാട്ടിലേക്ക് കാവേരി ജലം ഒഴുകിയെത്തുന്നതിന് തൊട്ടുമുമ്പ് അണക്കെട്ട് നിർമിക്കുന്നത് സംസ്ഥാനത്തിന് ലഭിക്കേണ്ട ജലവിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിജയ്‌യുടെ വാദം. സുപ്രീംകോടതി നിർദേശിച്ചിട്ടുള്ള പ്രതിമാസ ജലവിതരണക്രമം പോലും ഇതുമൂലം താളംതെറ്റാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേന്ദ്ര ജലശക്തി, പരിസ്ഥിതി മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചകളും ചർച്ചകളും തമിഴ്‌നാടിന്റെ സമ്മതമില്ലാതെയാണെന്നും ഇത് കാവേരി ഡെൽറ്റ മേഖലയിലെ കർഷകരിൽ ആശങ്ക സൃഷ്ടിക്കുന്നുവെന്നും വിജയ് ആരോപിച്ചു.
2026–27 വർഷം ജലലഭ്യത കുറഞ്ഞ സാഹചര്യത്തിൽ കർണാടക തമിഴ്‌നാടിന് അർഹമായ ജലവിഹിതം ഉറപ്പാക്കുന്നില്ലെന്ന പരാതിയും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര ഉദ്യോഗസ്ഥരുടെ മേക്കെദാട്ടു സന്ദർശനം പദ്ധതിയുമായി ബന്ധപ്പെട്ട് രഹസ്യമായ നീക്കങ്ങൾ നടക്കുന്നതിന്റെ സൂചനയായാണ് കർഷകർ കാണുന്നതെന്നും കത്തിൽ പറയുന്നു.
മേക്കെദാട്ടു പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ജൂൺ 19ന് തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കാവേരി നദീതടവുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിശദമായ പദ്ധതിരേഖ (DPR) തയ്യാറാക്കുന്നതിന് കേന്ദ്ര ജലശക്തി മന്ത്രാലയം 2025 ഡിസംബറിൽ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.
അതേസമയം, ബംഗളൂരുവിന്റെ വർധിച്ചുവരുന്ന കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജലസംഭരണം ഉറപ്പാക്കുന്നതിനും മേക്കെദാട്ടു പദ്ധതി അനിവാര്യമാണെന്നാണ് കർണാടകയുടെ നിലപാട്. രാമനഗര ജില്ലയിൽ കാവേരി നദിക്ക് കുറുകെ ബാലൻസിങ് റിസർവോയറും കുടിവെള്ള സംഭരണ സംവിധാനവും നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ പത്തുവർഷത്തിലേറെയായി മേക്കെദാട്ടു പദ്ധതി കർണാടകയും തമിഴ്‌നാടും തമ്മിലുള്ള പ്രധാന തർക്കവിഷയമാണ്. പദ്ധതിയിലൂടെ ബംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് കർണാടകയുടെ പ്രതീക്ഷ. എന്നാൽ, അണക്കെട്ട് നിർമിച്ചാൽ തമിഴ്‌നാടിന്റെ കാവേരി ജലവിഹിതത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് തമിഴ്‌നാട്.
മുഖ്യമന്ത്രിയായശേഷം ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ ജലതർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ വിജയ് ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ, തമിഴ്‌നാടിന് ജലം വിട്ടുനൽകണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കർണാടകയിൽ പ്രതിഷേധം ശക്തമായതോടെ കൂടിക്കാഴ്ച ഉപേക്ഷിക്കുകയായിരുന്നു.
ബംഗളൂരുവിന്റെ കുടിവെള്ള വികസനവും തമിഴ്‌നാട്ടിലെ കർഷകരുടെ ജലാവകാശവും തമ്മിലുള്ള തർക്കത്തിൽ മേക്കെദാട്ടു പദ്ധതി വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img